District News
നെടുമങ്ങാട്: കണ്ണമ്മൂല വിഷ് ണു കൊലക്കേസിൽ എട്ടു പ്രതികൾ കുറ്റക്കാരെന്നു നെടുമങ്ങാട് എസ്സി/എസ്ടി പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.
ഒന്നുമുതൽ എട്ടു വരെ പ്രതികളായ കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ ആർ. അരുൺ, കണ്ണമ്മൂല തോട്ടരികത്ത് വീട്ടിൽ ആർ.ലല്ലു, കണ്ണമ്മൂല തോട്ടുവരമ്പിൽ വീട്ടിൽ ബി. രാജേഷ്, കണ്ണമ്മൂല മുടുമ്പിൽ വീട്ടിൽ സനൽകുമാർ എന്ന എം. സഞ്ജു, കണ്ണമൂല കുളവരമ്പിൽ വീട്ടിൽ എസ്.ശ്രീനാഥ്, പട്ടം പിടിസി നഗറിൽ മഠത്തുവിളാകം വീട്ടിൽ വിജീഷ് എന്ന വി. വിഷ്ണു, കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ ജെ. മനു, കൊല്ലൂർ തോട്ടുവരമ്പിൽ വീട്ടിൽ ഡിനി ബാബു എന്നിവരെയാണ് സ്പെഷൽ കോടതി ജഡ്ജി ഷാജഹാൻ കുറ്റക്കാരെന്നു കണ്ടെത്തിയത്. ആകെ 12 പ്രതികളാണു കേസിലുണ്ടായിരുന്നത്. ജയൻ, അജീഷ്, ഉണ്ണികൃഷ്ണൻ, ദിലീപ് എന്നീ പ്രതികളെ വെറുതെ വിട്ടു.
ഒന്നാം പ്രതി അരുണിന് പേട്ട, മെഡിക്കൽ കോളജ്, വഞ്ചിയൂർ സ്റ്റേഷനുകളിലായി കാപ്പയുൾപ്പടെ 19 കേസുകളിൽ നിലവിലുണ്ട്. 2016 ഒക്ടോബർ ഏഴിനാണ് തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രതികൾ സംഘം ചേർന്നു വിഷ്ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ടു വെട്ടിക്കൊല്ലുകയായിരുന്നു. 18 വയസായിരുന്നു കൊല്ലപ്പെടുമ്പോൾ വിഷ്ണുവിന്റെ പ്രായം. അക്രമത്തിൽ വിഷ് ണുവിന്റെ അച്ഛൻ അനിൽകുമാർ, അമ്മ ബിന്ദു കുമാരി, അച്ഛന്റെ സഹോദരി ലൈല എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എട്ടാം പ്രതി ഡിനി ബാബുവിന്റെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി അനിൽകുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്. പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.144 തൊണ്ടി വസ്തുക്കളും ആറു തെളിവ് രേഖകളും കോടതിയിൽ ഹാജരാക്കി. പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തിയാണു പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.കേസിൽ സർക്കാർ നിയമിച്ച അഡ്വ. സാജൻ പ്രസാദായിരുന്നു സ്പെഷൽ പ്രോസിക്യുട്ടർ.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറ വടകരപ്പതിയിലെ കൊലപാതക കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. ആട്ടയാമ്പതി സ്വദേശികളായ മരിയാദാസ്, സ്റ്റീഫൻ, വിനീത് എന്നിവരാണ് അറസ്റ്റിലായത്.
വടകരപ്പതിയിൽ കാളവണ്ടിയോട്ടം പരിശീലനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലാലാക്കാട് സ്വദേശി മുഹമ്മദ് ഷെഫീഖിനെയാണ് കൊലപ്പെടുത്തിയത്. ആട്ടയാമ്പതി ലാലാക്കാട് സ്വദേശികളായ നെൽസൺ, ജെൻസൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മൂന്ന് പേർക്കും സംഭവത്തിൽ പങ്കുണ്ടെന്ന സൂചന ലഭിച്ചത്.
കുത്തേൽക്കുന്നതിന് മുമ്പ് ഷെഫീഖിനെ സംഘം ചേർന്ന് മർദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. നിലത്തിട്ട് നെഞ്ചിലടക്കം ചവിട്ടി ക്രൂരമായി മർദിച്ചെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ മുൻ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ വിചാരണക്കോടതിയിൽ സാക്ഷികളുടെ നിർണായക മൊഴി.
അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. അപകടത്തിനുശേഷം ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി വെക്കുകയായിരുന്നു. തുടർന്നു പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്ന് പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് പറഞ്ഞു.
കവടിയാറിലെ ക്വാർട്ടേഴ്സിൽവച്ചിരുന്ന രക്തം പുരണ്ട ടി-ഷർട്ടും ജീൻസും പിന്നീട് പൊലീസിന് എടുത്തുനൽകിയത് ശ്രീറാമിന്റെ ഐഎഎസ് അക്കാദമിയിലെ സഹപാഠിയായിരുന്ന അമരീന്ദ്ര സിംഗ് ആണെന്ന് പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ, അന്ന് പൊലീസിനു നൽകിയ അതേ വസ്ത്രങ്ങൾ തന്നെയാണോ ഇപ്പോൾ കോടതിയിൽ കാണിച്ചത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് "വ്യക്തമായി ഓർമയില്ല' എന്നാണ് ഇരുസാക്ഷികളും മറുപടി നൽകിയത്.
കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന അമിതവേഗതയിലുള്ള കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. എസ്. രാജേഷ് കോടതിയിൽ ഹാജരായി. വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും അടങ്ങുന്ന ശിക്ഷ മരവിപ്പിച്ച ജസ്റ്റീസ് എം.എം. സുന്ദരേശ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് പ്രതിക്ക് ജാമ്യവും അനുവദിച്ചു.
2023 ഓഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ. അരുൺകുമാറിന്റെയും ഐ.ബി. ഷീബയുടെയും മകൻ ആദിശേഖറിനെ (15) ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചു എന്നതിന്റെ പേരിലാണു പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. എന്നാൽ, ആദിശേഖറിനെ കൊലപ്പെടുത്താൻ പ്രതിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി നടപടി.
മനഃപൂർവമല്ലാത്ത നരഹത്യയാണെന്ന സംശയം നിലനിൽക്കെ കൊലപാതകമെന്നു വിലയിരുത്തി ജീവപര്യന്തം ശിക്ഷ വിധിക്കാൻ പാടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. ശിക്ഷയ്ക്കെതിരേ പ്രിയരഞ്ജൻ നൽകിയ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു ഇവർ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയത്.
District News
മഞ്ചേരി: രാഷ്ട്രീയത്തിന് അതീതമായി ജനകീയനായ പൊതുപ്രവര്ത്തകന് തലാപ്പില്‍ അബ്ദുല്‍ ജലീലിന്റെ (കുഞ്ഞാന് - 57) കൊലപാതകക്കേസിലെ പ്രതികള്‍ സ്ഥിരം കുറ്റവാളികളാണെന്ന് കോടതി. നിരവധി അടിപിടി കേസുകളില്‍ പ്രതിയായ ഒന്നാം പ്രതി ഷുഹൈബിനെ (കൊച്ചു) 2022 ഏപ്രിലില്‍ ചെന്നൈയില്‍വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് ജാമ്യത്തിലിറങ്ങി കേസ് വിധി പറയാന്വെച്ച ദിവസം മുങ്ങിയ ഇയാളെ വീണ്ടും വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു.
മറ്റ് പ്രതികളായ ഷംസീര്‍, അബ്ദുല്‍ മാജിദ് എന്നിവരെ 2022 മാര്‍ച്ചില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ രണ്ടാം പ്രതി ഷംസീര്‍ 2024 ജൂലൈയില്‍ ലഹരിമരുന്നായ എംഡിഎംഎയുമായി വീണ്ടും പിടിയിലായതിനെത്തുടര്‍ന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.
രണ്ടുതവണ സമയം നീട്ടി അനുവദിച്ചിട്ടും വിചാരണ പൂര്‍ത്തിയായില്ലെന്നും ഇനിയും സമയം അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. കേസിന്റെ വിചാരണനടപടികള്‍ അനന്തമായി നീണ്ടുപോകുന്നുവെന്നു ചൂണ്ടിക്കാട്ടി അഭിമന്യുവിന്റെ അമ്മ ഭൂപതി നല്കിയ ഹര്‍ജിയിലാണു നിര്‍ദേശം.
വിചാരണ അനിശ്ചിതമായി നീളുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കുമെന്നും നീതി നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒമ്പതു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2025 ജനുവരിയില്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് നാലു മാസംകൂടി അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ മാസമാണു കേസിന്റെ വിചാരണനടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.
സാക്ഷിവിസ്താരം എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കോടതി വീണ്ടും നിര്‍ദേശിച്ചത്.
Kerala
പാലക്കാട്: കാളവണ്ടിക്ക് ബൈക്ക് യാത്രക്കാർ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലുണ്ടായ സംഭവത്തിൽ കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്.
നെൽസൺ, ജെൻസൺ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു .നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിൽ എത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഷെഫീഖിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ തീയിട്ട് കൊലപ്പെടുത്തി വയോധികയെ കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാൾ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. കൊലപാതകത്തിന് ഇയാൾക്കൊപ്പമുണ്ടായിരുന്ന 17-കാരനായ കൂട്ടാളിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ജൂൺ 10നാണ് സരസമ്മാളിനെ വീട്ടിൽ നിന്ന് കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സ്വർണ്ണാഭരണങ്ങൾ കവരുന്നതിനിടെയാണ് പ്രതികൾ ഇവരെ ക്രൂരമായി കൊലപ്പെടുത്തിയതും, തീയിട്ട ശേഷം കുഴിച്ചുമൂടിയതും.
National
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പപ്പട പായ്ക്കറ്റാണ് കേസിൽ നിർണായകമായതെന്ന് ആന്ധ്രാ പോലീസ് പറഞ്ഞു. കേസിൽ കർണാടകയിലെ ബല്ലാരി ജില്ലക്കാരായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ അനന്തപൂർ രായദുർഗം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 23നാണ് അനന്തപൂർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഭാഗികമായി കത്തിയ ഒരു കന്നഡ പത്രം, വസ്ത്രങ്ങൾ, പൂണൂൽ, പപ്പട പാക്കറ്റ് എന്നിവ കണ്ടെടുത്തു.
ഈ പപ്പട പാക്കറ്റാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പപ്പടത്തിന്റെ നിർമാതാക്കൾ ചെന്നൈയിലാണെന്ന് കണ്ടെത്തിയ പോലീസ്, ഇതിന്റെ വിതരണക്കാർ ബെല്ലാരിയിലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അവിടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുരാജു റാവു എന്ന സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പപ്പട വ്യാപാരിയെ കാണാനില്ലെന്ന വിവരം പോലീസ് അറിയുന്നത്.
ഇതേത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹം ഗുരുരാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഗുരുരാജുവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
Kerala
കോട്ടയം: കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മേയ് 18ന് നടന്ന സംഭവത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുറിഞ്ഞപുഴ പറായിപറമ്പിൽ പി.എം.ബിനീഷ് (47) ആണ് മരിച്ചത്.
ആക്രമണം നടത്തിയ പ്രതികളായ ബിജു, ബിന്ദു എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. ഇവർ സഹോദരങ്ങളാണെന്ന് പോലീസ് പറഞ്ഞു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ കൂമ്പേൽ ഭാഗത്തായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ബിനീഷ് ഉറക്കെ പാട്ടുപാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനീഷിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
പ്രതികളായ ബിജുവിനെയും ബിന്ദുവിനെയും വൈക്കം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. യുവാവ് മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
National
പൂനെ: റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ പോളിഗ്രാഫ് പരിശോധന നടത്തില്ല. പരിശോധനയ്ക്ക് തങ്ങൾക്ക് സമ്മതമല്ലെന്ന് കേസിൽ അറസ്റ്റിലായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും കോടതിയെ അറിയിച്ചു. പ്രതികളുടെ സമ്മതമില്ലാതെ ഇത്തരം പരിശോധനകൾ നടത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
തുടർന്ന് ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതി ഉത്തരവിന് പിന്നാലെ പ്രതികളെ യെരവാദ സെൻട്രൽ ജയിലിലേക്ക് മാറ്റി. റിയൽ എസ്റ്റേറ്റ് കമ്പനി ഡയറക്ടറായ കേതൻ അഗർവാൾ കഴിഞ്ഞ 18 നാണ് മലമുകളിൽ നിന്ന് വീണ് മരിച്ചത്. ആദ്യഘട്ടത്തിൽ ഇതൊരു അപകടമരണമായാണ് രേഖപ്പെടുത്തിയിരുന്നത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേതന്റെ പ്രതിശ്രുത വധു സിയ ഗോയലിനെയും കാമുകൻ ചേതൻ ചൗധരിയേയും അറസ്റ്റ് ചെയ്തത്. കേതനെ മലമുകളിൽ നിന്ന് തള്ളി താഴെയിടുന്നതിന് തൊട്ടുമുമ്പ് സിയ കാമുകനായ ചേതന്‍ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രത്യേക സിഗ്നൽ നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് നിർണായക കണ്ടെത്തലുകളുമായി പോലീസ് കോടതിയെ സമർപ്പിച്ചത്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ പോലീസ് വീണ്ടെടുത്തു. പ്രതികൾ പരസ്പരം ആശയവിനിമയത്തിനായി ഉപയോഗിച്ച കോഡ് ഭാഷയിലുള്ള സന്ദേശങ്ങളാണ് ഇതിൽ നിന്ന് കണ്ടെത്തിയത്.
ഗൂഢാലോചനയിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടോയെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കൂടാതെ സിയ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോൺ കൂടി കണ്ടെടുത്തതായും ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു.
National
ന്യൂഡൽഹി: ഭർത്താവിനെ ജീവനോടെ കനാലിലെറിഞ്ഞ് കൊന്ന കേസിൽ ഭാര്യയേയും കാമുകന്റെ കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ രേവാരിയിൽ നടന്ന സംഭവത്തിൽ മോനു (21) ആണ് കൊല്ലപ്പെട്ടത്. കേസിൽ മോനുവിന്റെ ഭാര്യ തന്നു ഇവരുടെ കാമുകന്റെ കൂട്ടാളിയായ ഹരിഓം എന്നിവരാണ് അറസ്റ്റിലായത്.
പ്രധാന പ്രതിയായ കാമുകൻ സോനുവും മറ്റൊരു കൂട്ടാളി അമനും നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തിനാണ് അസൽവാസിന് സമീപമുള്ള കനാലിൽ നിന്ന് മോനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപത്തുനിന്നായി ഇയാളുടെ സ്കൂട്ടറും കണ്ടെടുത്തിരുന്നു.
പ്രതികൾ യുവാവിനെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ജീവനോടെ കനാലിലേക്ക് എറിയുകയായിരുന്നു. കൊലപാതക വിവരം പുറത്തറിയാതിരിക്കാനും അപകട മരണമോ ആത്മഹത്യയോ ആണെന്ന് വരുത്തിതീർക്കാനുമാണ് യുവാവിന്റെ സ്കൂട്ടർ കനാലിന് സമീപം പ്രതികൾ പാർക്ക് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 11ന് പോലീസ് മോനുവിന്റെ മൊബൈൽ ഫോൺ കുടുംബത്തിന് കൈമാറിയിരുന്നു. എന്നാൽ ഫോണിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ കുടുംബം സൈബർ വിദഗ്ധരുടെ സഹായത്തോടെ ഡിലീറ്റ് ചെയ്ത ഡാറ്റ വീണ്ടെടുത്തു.
മോനുവിനെ കാണാതായ ദിവസം തന്നുവും മോനുവും തമ്മിൽ സംസാരിച്ചിരുന്നു. തന്നു കാമുകനായ സോനുവുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും ഫോൺ രേഖകളിൽ നിന്ന് കുടുംബം കണ്ടെത്തി. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയും തന്നുവിനെയും കൂട്ടാളിയെയും ചോദ്യം ചെയ്തതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയിൽ ജ്യേഷ്ഠന് അനുജനെ കുത്തിക്കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ജ്യേഷ്ഠന് പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. പ്രസാദും പ്രമോദും ഒരുമിച്ചായിരുന്നു താമസം. ഇരുവരും തമ്മില്‍ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രമോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുന്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും.
Kerala
കോഴിക്കോട്: വയനാട് ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ സാമ്പത്തിക ഇടപാടുകളെ തുടർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ട സംഭവത്തിൽ കേസിലെ അഞ്ചാം പ്രതിയായ സ്ത്രീ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. വിദേശത്തുനിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ ലിബ (41) യെയാണ് അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവരെ അന്വേഷണസംഘത്തിനു കൈമാറി. ഹേമചന്ദ്രൻ വധക്കേസിന്റെ കുറ്റപത്രത്തിൽ അഞ്ചാം പ്രതിയായി ഉൾപ്പെടുത്തിയതോടെ ഇവര്‍ വിദേശത്തേക്കു കടക്കുകയായിരുന്നു.
ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തേക്കു ഹണി ട്രാപ്പ് കോളിലൂടെ ആകർഷിച്ച് വരുത്താൻ കണ്ണൂർ സ്വദേശിയായ ലിബയാണു സഹായിച്ചതെന്നാണു കോഴിക്കോട് കുന്നമംഗലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകംകൂടി ഉൾപ്പെടുന്നതിനാൽ വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ലിബയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കേസിൽ മുഖ്യപ്രതിയായ വയനാട് ബത്തേരി പഴുപ്പത്തൂർ സ്വദേശി പുല്ലമ്പി വീട്ടിൽ നൗഷാദ് (33) ഉൾപ്പെടെ പിടിയിലായ മറ്റ് അഞ്ചു പ്രതികളും നിലവിൽ ജുഡീഷൽ കസ്റ്റഡിയിലാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങി ഏഴു വകുപ്പുകൾ ചുമത്തിയാണ് പി.നൗഷാദ്(33), വി.എസ്.അജേഷ് (27), ജ്യോതിഷ് കുമാർ (35), വി.ആർ. വൈശാഖ് (35), മെൽബിൻ മാത്യു(23), ലിബ (41) എന്നീ ആറുപേരെ പ്രതികളാക്കി പോലീസ് കുറ്റപത്രം നല്‍കിയത്.
തുടക്കം തിരോധാന കേസായി
2024 മാർച്ചിലാണ് ഹേമചന്ദ്രനെ കോഴിക്കോട് മായനാട്ടെ വാടകവീട്ടിൽനിന്നു കാണാതാകുന്നത്. മാർച്ച് 20 മുതൽ കാണാനില്ലെന്നു കാണിച്ച് ഭാര്യ മെഡിക്കൽ കോളജ് പോലീസില്‍ പരാതി നൽകി. തിരോധാന കേസ് ആയാണ് അന്വേഷണം തുടങ്ങിയതെങ്കിലും പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇതു കൊലപാതകമാണെന്നു തെളിഞ്ഞത്. തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിലേറ്റ ക്രൂരമായ മർദനവുംപരിക്കുകളുമാണു മരണത്തിനു കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഹേമചന്ദ്രനും കേസിലെ മുഖ്യപ്രതിയായ നൗഷാദും തമ്മിലുണ്ടായിരുന്ന വലിയ സാമ്പത്തിക ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കണ്ടെത്തൽ. ചിട്ടിക്കമ്പനിയുടെ പേരിലും പണം ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞും ഹേമചന്ദ്രൻ പലരിൽനിന്നായി പണം വാങ്ങിയിരുന്നതായി മൊഴികളിൽ തെളിഞ്ഞു.
സാമ്പത്തിക ബാധ്യത കാരണം ഹേമചന്ദ്രൻ ബത്തേരിയിലെ ഒരു വീട്ടിൽ തൂങ്ങിമരിച്ചതാണെന്നും ഭയം കാരണം മൃതദേഹം കാട്ടിൽ കുഴിച്ചുമൂടിയതാണെന്നുമാണു നൗഷാദ് മൊഴി നല്‍കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹേമചന്ദ്രന്റെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റ പാടുകളുണ്ടെന്നും ശ്വാസം മുട്ടിച്ചാണു കൊലപാതകം നടത്തിയതെന്നും വ്യക്തമായതോടെ നൗഷാദിന്റെ ഈ വാദം തെറ്റാണെന്നു തെളിഞ്ഞു.
കൊലപാതകത്തിനുശേഷം ഹേമചന്ദ്രൻ കർണാടകയിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ഹേമചന്ദ്രന്റെ മൊബൈൽ ഫോൺ പ്രതികൾ ഗുണ്ടൽപേട്ടിൽ എത്തിച്ച് സ്വിച്ച് ഓൺ ചെയ്തിരുന്നു. എന്നാൽ, ഈ ഫോണിലേക്ക് കോൾ കണക്ട് ആയപ്പോൾ ഹേമചന്ദ്രന്റേതായി കേട്ട ശബ്ദത്തിൽ മകൾക്കു തോന്നിയ സംശയമാണു കേസിൽ വഴിത്തിരിവായത്.
National
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. ബുലന്ദ്ഷഹറിലെ ഹാജിപൂർ ഗ്രാമത്തിലാണ് സംഭവം. ഹാജിപൂർ സ്വദേശി ഗീത(25) ആണ് കൊല്ലപ്പെട്ടത്.
വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഗീതയുടെ ഭർത്താവ് മോനുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഏഴുമാസം മുൻപാണ് ഗീതയും മോനുവും വിവാഹിതരായത്.
ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ മോനു മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: പശ്ചിമ ബംഗാളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ കൃഷ്ണകുഞ്ചി സ്വദേശിയായ ഫക്കീർ മണ്ഡൽ (51) ആണ് പിടിയിലായത്.
കോൽക്കത്ത ബാഗ്യുയാട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഫക്കീർ. ക്രൂരകൃത്യത്തിന് ശേഷം പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ഒരാഴ്ചയായി പെരുമ്പാവൂർ മുടിക്കൽ കുതിരപ്പറമ്പ് ഭാഗത്ത് അതീവ രഹസ്യമായാണ് ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തുടർനടപടികൾക്കായി ബംഗാൾ പോലീസിന് കൈമാറി.
National
അമരാവതി: ഹൃദ്രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ആന്ധ്രാപ്രദേശ് കാക്കിനാഡ സ്വദേശി പുല്ല ദുർഗാ പ്രസാദ് (38) കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ഭാര്യ രമാദേവി, ഇവരുടെ കാമുകൻ പ്രസാദം ഗോപിസായി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ചിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഗോപിസായിയുമായി രമാദേവി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഒന്നിച്ച് ജീവിക്കാൻ ഭർത്താവ് തടസമാണെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
കൃത്യം നടന്ന ദിവസം ദുർഗാ പ്രസാദിന് നൽകിയ ജ്യൂസിൽ പ്രതികൾ ഉറക്കഗുളികകൾ കലർത്തി. ജ്യൂസ് കുടിച്ച് ബോധരഹിതനായ ഇയാളെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ദുർഗാ പ്രസാദ് ഹൃദ്രോഗിയായതിനാൽ ആരും സംശയിച്ചിരുന്നില്ല.
എന്നാൽ മാസങ്ങൾക്ക് ശേഷം പുല്ലയുടേത് ഒരു സാധാരണ മരണമല്ലെന്നും മറിച്ച് ഒരു കൊലപാതകമാണെന്നും രമാദേവിക്ക് മറ്റൊരു ബന്ധമുണ്ടെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
National
മുംബൈ: മഹാരാഷ്ട്രയിൽ കോളിളക്കം സൃഷ്ടിച്ച പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുൻ ആഭ്യന്തരമന്ത്രി പദംസിംഗ് പാട്ടിൽ ഉൾപ്പെടെ എട്ട് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ സഹോദരനാണ് മുൻ എംപികൂടിയായ പദംസിംഗ്, കൊല്ലപ്പെട്ട പവൻരാജെ നിംബാൽക്കറിന്റെ അർധസഹോദരനും.
രാഷ്ട്രീയവും ബിസിനസും ഇഴചേർന്നുകിടക്കുന്ന കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇരുപതുവർഷം നീണ്ട വിചാരണയ്ക്കുശേഷം മുംബൈയിലെ പ്രത്യേക കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2006 ജൂണ്‍ മൂന്നിനായിരുന്നു കൊലപാതകം.
മുംബൈയില്‍ നിന്ന് ഇപ്പോള്‍ ധാരാശിവ് എന്നറിയപ്പെടുന്ന ഉസ്മാനാബാദിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന 41കാരനായ നിംബാല്‍ക്കറിനെയും ഡ്രൈവർ സമദ് ഖാസിനെയും നവി മുംബൈയിലെ കലാംബോളി മേഖലയില്‍വച്ച് ഒരുസംഘം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. നിംബാല്‍ക്കറെ വധിക്കാന്‍ 30 ലക്ഷം രൂപയുടെ കരാര്‍ ഏറ്റെടുത്ത പരാസ്മല്‍ ജെയിന് എന്നയാളെ അറസ്റ്റ് ചെയ്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഇയാളെ പിന്നീട് പോലീസ് മാപ്പുസാക്ഷിയാക്കി. നവി മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തരായിരുന്ന നിംബാല്‍ക്കറുടെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കേസ് സിബിഐക്കു കൈമാറുകയായിരുന്നു. തുടർന്നാണ് 2009 ല്‍ പദംസിംഗ് പാട്ടീലിനെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. രാഷ്ട്രീയവൈരാഗ്യവും തര്ണ ഷുഗര്‍ എന്ന വ്യവസായ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് കൊലപാതകത്തിനു കാരണമായത്.
വിചാരണയുടെ ആദ്യഘട്ടങ്ങളില്‍ സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ ഉള്‍പ്പെടെ 128 സാക്ഷികളെ കോടതി വിസ്തരിച്ചു. അണ്ണാ ഹസാരെയെ വധിക്കാന്‍ പാട്ടീല്‍ ക്വട്ടേഷന്‍ നല്‍കിയെന്ന പാരസ്മല് ജെയിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം കോടതിയുടെ വിധിയില്‍ തൃപ്തരല്ലെന്നും പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും സിബിഐ പറഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അന്വേഷണസംഘം അറിയിച്ചു.
വിധിക്കെതിരേ മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്നും താനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രശ്നം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
ഹൈക്കോടതിയെ സമീപിക്കുമെന്ന് നിംബാൽക്കറിന്റെ മകനും ശിവസേന ഉദ്ദവ് വിഭാഗം വിമത എംപിയുമായ ഓംപ്രകാശ് രാജെ നിംബാൽക്കറും വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളാണ് കുറ്റം സമ്മതിച്ചത്.
കൊലപാതകം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ വെച്ചാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഇയാൾ നൽകിയ മൊഴി.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്കുള്ള റോഡിന് സമീപം വനത്തിൽ താൽക്കാലിക ഷെഡ് കെട്ടി താമസിക്കുകയായിരുന്നു വിനോദ്.
ഈ വഴിയിലൂടെ സ്ഥിരമായി ജോലിക്ക് പോവുകയും വരികയും ചെയ്യുന്ന യുവതിയെ ഇയാൾ ദീർഘകാലമായി നിരീക്ഷിക്കാറുണ്ടായിരുന്നു. യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
District News
മലപ്പുറം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എട്ട് വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ വച്ച് പിടികൂടി എടവണ്ണ പോലീസ്. ഒഡീഷ സ്വദേശിയായ രാജീവ് ഖന്ന (44)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിലന്പൂർ ഡിവൈഎസ്പി കെ. വിശ്വംഭരൻ നായരുടെ മേൽനോട്ടത്തിൽ എടവണ്ണ ഇൻസ്പെകടർ ജി. പൈജ്രുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാവിലെ തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ ആണ്ണൂരിൽ വച്ച് പിടികൂടിയത്.
2013 ഒക്ടോബർ 26 നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ തുവക്കാട് കീർത്തികുണ്ടിൽ ഹോളോബ്രിക്സ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിയെ വാക്കുതർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ രാജീവ് ഖന്ന 2018ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു.
കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ഒളിവിൽ പോയത്. കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിലായി ഇയാൾ ഒളിവിൽ താമസിക്കുകയായിരുന്നു. ഒടുവിൽ രാജീവ് ഖന്ന തമിഴ്നാട്ടിലെ ആണ്ണൂരിലെ ഒരു ഫാക്ടറിയിൽ ജോലിക്കാരനായി താമസിക്കുന്നതായ വിവരത്തെ തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
എടവണ്ണ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, സീനിയർ സിവിൽ പോലിസ് ഓഫീസർ രഞ്ജിത് കുമാർ, സിവിൽ പോലീസ് ഓഫീസർ വി. സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
District News
മാവേലിക്കര: മാങ്കാംകുഴിയിലെ ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ആറു യുവാക്കൾ റിമാൻഡിൽ. എട്ട് പ്രതികളുള്ള കേസിൽ രണ്ടു മുതൽ ഏഴുവരെ പ്രതികളെ കുറത്തികാട് പോലീസ് പിടികൂടി. ഒന്നാം പ്രതി അടക്കം രണ്ടുപേരെ കൂടി ഇനി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളെല്ലാം തഴക്കര പഞ്ചായത്തിലുള്ളവരാണ്. തഴക്കര കുന്നം വലിയപറമ്പിൽ അനീഷ് (47), ഇറവങ്കര ശ്രീഭവനം വീട്ടിൽ അതുൽ അരവിന്ദ് ഉണ്ണിത്താൻ (23), തഴക്കര തടാലാൽ വീട്ടിൽ പ്രണവ് (അപ്പു-32), വെട്ടിയാർ കല്ലിമേൽ സന്തോഷ് ഭവനത്തിൽ അഭിനവ് (ജിഷ്ണു-24), കുന്നം ഹരിനാഥ് ഭവനത്തിൽ ഹരിനാഥ് (29) എന്നിവരാണ് കഴിഞ്ഞദിവസം റിമാൻഡിലായത്. ഏഴാം പ്രതി വെട്ടിയാർ കല്ലിമേൽ കീച്ചേരേത്ത് സാഗർ ഷാജിയെ ഇന്നലെ റിമാൻഡ് ചെയ്തു.
ഒന്നും എട്ടും പ്രതികളെയാണ് ഇനി കിട്ടാനുള്ളത്. ബാറിലെ ജീവനക്കാരനായ കൊല്ലം വടക്കേവിള പുതുക്കുളങ്ങര വീട്ടിൽ വിഘ്നേഷ് എസ്. രാജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മേയ് 31ന് രാത്രി പത്തിനായിരുന്നു സംഭവം.
മാങ്കാംകുഴി മാസ് റസിഡൻസി ബാറിൽ മദ്യപിക്കാനായി വന്ന പ്രതികളിൽ ഒരാളെ സ്ഥലത്തുണ്ടായിരുന്ന ചുവന്ന തൊപ്പി ധരിച്ച ആരോ ദേഹോപദ്രവം ഏൽപ്പിച്ചത് വിഘ്നേഷ് ആണെന്ന് തെറ്റിദ്ധരിച്ച്, രാത്രി 10 മണിയോടെ ബാറിന്റെ മുൻവശത്തേക്ക് ഇറങ്ങിവന്ന വിഘ്നേഷിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു.
തലയ്ക്കും പുറത്തും അടിയേറ്റപ്പോൾ വിഘ്നേഷ് അവിടെ നിന്ന് ഓടി ബാറിന്റെ റിസപ്ഷൻ ഹാളിൽ എത്തി. പിന്തുടർന്നെത്തിയ പ്രതികളിൽ ഒന്നാം പ്രതി റിസപ്ഷനിൽ ഇരുന്ന, പിത്തളയിൽ നിർമിച്ച ഫ്ലവർ ബേസ് എടുത്ത് വിഘ്നേഷിന്റെ തലയിൽ അടിച്ചു. മൂന്നും നാലും അഞ്ചും പ്രതികൾ വിഘ്നേഷിന്റെ തലയിലും കഴുത്തിലും പുറത്തും മർദിച്ചു.
രണ്ടാം പ്രതിഹോട്ടലിന്റെ പേര് എഴുതിയ ബോർഡ് എടുത്ത് വിഘ്നേഷിന്റെ തലയിൽ അടിച്ചു. ചുറ്റുമുണ്ടായിരുന്നവർ വിഘ്നേഷിനെ രക്ഷപ്പെടുത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. വട്ടിയൂർക്കാവ് സ്വദേശിയും നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസക്കാരനുമായ സുരേഷ് (46) അയൽസംസ്ഥാനമായ തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതി ഭാര്യ ഹസീനയെ (36) വീട്ടിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്വന്തം കാറിലാണ് രക്ഷപ്പെട്ടത്.
സംശയരോഗത്തെ തുടർന്ന് സുരേഷ് മാസങ്ങളായി ഹസീനയുമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ വെച്ചാണ് ഹസീനയുടെ കഴുത്തറുത്തത്. കൃത്യത്തിന് ശേഷം ഹ്യുണ്ടായി സാൻട്രോ കാറുമായി മുങ്ങിയ പ്രതി, എം.സി റോഡ് വഴി കരമന-കളിയിക്കാവിള ദേശീയപാതയിലെത്തി. തുടർന്ന് കിള്ളിപ്പാലം ഭാഗത്ത് വെച്ച് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ ഫോൺ പോലീസ് കണ്ടെടുത്തു സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്.
പ്രതി കിള്ളിപ്പാലത്തിന് ശേഷം നിരവധി ഇടറോഡുകളിലൂടെ കാറോടിച്ചു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ പോലീസ് ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ സുരേഷിന് ബന്ധുക്കളില്ലെങ്കിലും, പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തി കടന്നതെന്ന് മണ്ണന്തല പോലീസ് കരുതുന്നു. കൊല്ലപ്പെട്ട ഹസീനയ്ക്ക് സ്വഭാവദൂഷ്യങ്ങൾ ഒന്നുമില്ലെന്നാണ് പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. ചെറുപ്പത്തിൽ തന്നെ വിവാഹിതരായ ഇവർക്ക് രണ്ട് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. അമ്മയുടെ അപ്രതീക്ഷിത വേർപാടിലും അച്ഛന്റെ ക്രൂരതയിലും പകച്ചുനിൽക്കുകയാണ് ഈ നാല് മക്കളും.
District News
അടിമാലി: രാത്രി കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന അറക്കുളം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പനംകുട്ടി പൈപ്പ് ലൈൻ ഭാഗം ചൊള്ളംകുഴിയിൽ ഏലിയാസിനെയാണ് തൊടുപുഴ നാലാം അഡീഷണൽ കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവും അനുഭവിക്കണം.
2020 ഡിസംബർ നാലിന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി ബസ് സ്റ്റാൻഡിനു സമീപം രാത്രി കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന അറക്കുളം സ്വദേശിയായ മാത്യൂസ് എന്നയാളെ സിമന്റ് ഇഷ്ടികകൊണ്ട് തലയിൽ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Kerala
കോഴിക്കോട്: വര്‍ഷങ്ങള്‍ക്കു മുമ്പു താന്‍ കൊലപ്പെടുത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ്. 40 വര്‍ഷം മുമ്പ് താന്‍ രണ്ടു കൊലപാതകങ്ങള്‍ നടത്തിയെന്ന് മുഹമ്മദ് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഏറ്റുപറയുകയായിരുന്നു.
1986ല്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന് ആണെന്ന് തിരുവമ്പാടി പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വേങ്ങര പോലീസ് സ്റ്റേഷനിലെത്തി മുഹമ്മദ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഈ കേസില്‍ റിമാന്‍ഡിലായ മുഹമ്മദ് നിലവില്‍ ജാമ്യത്തിലാണുള്ളത്. കുറ്റബോധം വേട്ടയാടിയതിനെത്തുടര്‍ന്നാണ് നാലു പതിറ്റാണ്ടിനുശേഷം കൊലപാതക വിവരം വെളിപ്പെടുത്താന്‍ തയാറായതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മകന് മരിച്ചതോടെയാണ് മുഹമ്മദിനെ കുറ്റബോധം വേട്ടയാടാന്‍ തുടങ്ങിയത്. മാനസിക ബുദ്ധിമുട്ടുകള്‍ കൂടിയപ്പോള്‍ കൊലപാതകങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു.
എല്ലാം തുറന്നുപറഞ്ഞപ്പോഴാണ് മനഃസമാധാനം ലഭിച്ചതെന്നും രണ്ടു കൊലപാതകങ്ങളും ആസൂത്രിതമായിരുന്നില്ലെന്നും യാദൃച്ഛികമായി സംഭവിച്ചുപോയതാണെന്നും മുഹമ്മദ് പറയുന്നു. തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൂടരഞ്ഞിയിലെ കൊലപാതകം സംഭവിച്ചതെന്നും മുഹമ്മദ് വെളിപ്പെടുത്തിയിട്ടുണ്ട്.
കൂടരഞ്ഞി കൊലപാതകത്തിനുശേഷം കോഴിക്കോട്ടെത്തി. അവിടെ ഹോട്ടലിലും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് ഒരാള്‍ കൈയില്‍നിന്ന് പണം തട്ടിപ്പറിച്ചത്. തട്ടിപ്പറിച്ച ആള് വെള്ളയില്‍ ബീച്ച് പരിസത്ത് ഉള്ളതായി സുഹൃത്ത് കഞ്ചാവ് ബാബു എന്നയാള്‍ പറഞ്ഞു. താനും കഞ്ചാവ് ബാബുവും അവിടേക്കു പോയി ഇക്കാര്യം ചോദിച്ചു.
ബാബു അദ്ദേഹത്തെ തല്ലി താഴെയിട്ടു. തുടര്‍ന്ന് മണ്ണിലേക്ക് മുഖം പൂഴ്ത്തിവച്ചു. താന്‍ കാലില്‍ പിടിത്തമിട്ടു. മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം അയാളുടെ കൈയിലെ പണം പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിയുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞിരുന്നു.
Kerala
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം നൽകിയ കോടതിമാറ്റൽ ഹർജി തള്ളി.
കോടതി മാറണമെന്ന പ്രതിഭാഗത്തിന്റെ ഹർജിക്ക് നിയമപരമായ അടിത്തറയില്ലെന്നും കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഓരോ കക്ഷികളും ഇത്തരം കോടതിമാറ്റ ഹർജികൾ നൽകിയാൽ നിയമ സംവിധാനം തന്നെ തകരാറാകുമെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞിരുന്നു.
അതേസമയം നീതിപൂർവമായ വിചാരണയ്ക്കായി മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടത്. വിചാരണ നടപടിയിലെ പിഴവും ജഡ്ജിയുടെ പക്ഷപാതപരമായ സമീപനവും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് തള്ളിയത്. തലശേരി അഡീഷണൽ ജില്ലാ കോടതി മുന്നിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്.
Kerala
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ ജൂൺ ഒന്നു വരെ പ്രിൻസിപ്പൽ സെഷൻസ് കോടതി സ്റ്റേ ചെയ്തു.
പ്രതിഭാഗം നൽകിയ കോടതിമാറ്റ ഹർജിയിൽ ഇന്നലെ വാദം നടന്നു. തുടർന്നാണ് വിചാരണ ജൂൺ ഒന്ന് വരെ സ്റ്റേ ചെയ്തത്.
കോടതി മാറണമെന്ന പ്രതിഭാഗത്തിന്റെ ഹർജിക്ക് നിയമപരമായ അടിത്തറയില്ലെന്നും കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഓരോ കക്ഷികളും ഇത്തരം കോടതിമാറ്റ ഹർജികൾ നൽകിയാൽ നിയമ സംവിധാനം തന്നെ തകരാറാകുമെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
Kerala
കൊച്ചി: ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 17 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണല്‍ സെക്ഷന്‍ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസ് ആണ് ഇന്നലെ വിചാരണക്കിടെ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ 18നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു.
2018 ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചായക്കടയില്‍ ഇരിക്കുന്നതിനിടെ ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആകാശ് തില്ലങ്കേരി, പഴയപുരയില്‍ രജില്‍ രാജ്, കൃഷ്ണ നിവാസില്‍ ദീപ്ചന്ദ്, തയ്യുള്ളതില്‍ ടി.കെ. അസ്കര്‍, മുട്ടില്‍വീട്ടില്‍ കെ. അഖില്‍, പുതിയപുരയില്‍ പി.പി. അന്‍വര്‍ സാദത്ത്, നിലാവില് സി. നിജില്‍, പി.കെ. അഭിനാഷ്, എ. ജിതിന്, സാജ് നിവാസില്‍ കെ. സഞ്ജയ്, രജത് നിവാസില്‍ കെ. രജത്ത്, കെ.വി. സംഗീത്, കെ. ബൈജു, കെ.പി. പ്രശാന്ത്, എ.പി. സനീഷ്, മുട്ടില്‍ എ.കെ. സുബിന്, കേളോത്ത് വി. പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.
Kerala
കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. 16-ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള 2 മുതല്‍ 15 വരെയുള്ള പ്രതികള്‍ക്കാണ് നേരത്തെ ഏഴ് വര്‍ഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തിയത്.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, 10-ാം പ്രതി ജൈജുമോന്‍, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
16-ാം പ്രതി മുനീറിന്റെ ശിക്ഷ ഒരു വര്‍ഷമായാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നേരത്തെ മുനീറിന് മൂന്നു മാസം മാത്രമായിരുന്നു ശിക്ഷ ലഭിച്ചത്. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഹുസൈനെ കുറ്റവിമുക്തനാക്കിയത്.
16 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. നാലാം പ്രതിയെയും 11-ാം പ്രതിയെയും മണ്ണാര്‍ക്കാട് സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.
Kerala
കണ്ണൂർ: പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. ആറുമാസത്തിനിടെ മൂന്നാം തവണയാണ് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.
ഹൈക്കോടതിയാണ് അഞ്ചുദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പരോൾ തേടി ജയിൽ സൂപ്രണ്ടിനെ സമീപിച്ചെങ്കിലും അനുവദിക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.
20 വർഷത്തേക്കാണ് നിഷാദിനെ ശിക്ഷിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ച നിഷാദ് ജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് നിഷാദിനെ ശിക്ഷിച്ചത്.
അതിനാൽ മത്സരിക്കുന്നതിനു തടസമുണ്ടായില്ല. എന്നാൽ ശിക്ഷ റദ്ദാക്കാത്തതിനാൽ നിഷാദിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കാനായില്ല. നവംബർ 25നാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്.
Kerala
കൊച്ചി: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജീവപര്യന്തം ശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപിന്റെ അപ്പീല്‍. ആരോഗ്യകരമായ പ്രശ്നങ്ങളുണ്ട്, ഇതിന് മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നിവ ചൂണ്ടിക്കാണിച്ചാണ് സന്ദീപിന്റെ അപ്പീല്‍.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെയാണ് സന്ദീപ് അപ്പീല്‍ നല്‍കിയത്. ജസ്റ്റീസ് രാജ വിജയരാഘവന് അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്.
2023 മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അക്രമാസക്തനായ സന്ദീപ് ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി സന്ദീപ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 307, 326, 324, 323, 341, 201 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തതായി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
Kerala
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ. ജോസ് മുമ്പാകെ വിചാരണ തുടങ്ങി.
കൊലപാതകം നടക്കുന്ന സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരിക്കുകയും സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്ത ഇ. റിയാസിനെയാണ് കോടതി ഇന്നലെ വിസ്തരിച്ചത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു. ആയുധങ്ങളുമായെത്തിയ സംഘം ശുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് റിയാസ് മൊഴി നൽകി. താനും ഷുഹൈബും സുഹൃത്ത് നൗഷാദും കാറിൽ പെട്രോളടിക്കാൻ ചാലോട് പോയി മടങ്ങിവരവേ എടയന്നൂരിലെ ‘ഉറി’ എന്ന തട്ടുകടയിൽ കയറി ചായ കുടിച്ചു.
ചായയുടെ പണം നൽകാൻ നില്ക്കുമ്പോൾ നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത വാഗൺ ആർ കാർ മെല്ലെ വന്നു നിന്നുവെന്നും അതിൽ നിന്നുമിറങ്ങിയ സായുധസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു വെന്നും റിയാസ് മൊഴി നൽകി. ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ടു വാളുകളും ഒരു മഴുവും കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വേണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് നേരത്തേ നിർത്തിവച്ച സാക്ഷിവിസ്താരമാണ് ഇന്നലെ വീണ്ടും തുടങ്ങിയത്. ജൂൺ 14 വരെ വിസ്താരം തുടരും. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
National
റാഞ്ചി: ജാർഖണ്ഡിൽ വാക്കുതർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ വെടിവച്ചുകൊന്നു. സിംദേഗ ജില്ലയിലാണ് സംഭവം.
കൊലെബിറ പോലീസ് സ്റ്റേഷൻ പരിധിയിലെ നവതോളി ഗ്രാമത്തിലാണ് സംഭവം. ജെബ പർവീൻ(22)ആണ് മരിച്ചത്. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഇയാൾ ഒളിവിലാണെന്നും പിടികൂടാൻ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഡോ. റാമിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദളിത്- ആദിവാസി സംഘടനകളുടെ സംയുക്ത വേദിയായ അംബേദ്കറൈറ്റ് ഡെമോക്രാറ്റിക്ഫ്രണ്ട് (എഡിഎഫ്) ആവശ്യപ്പെട്ടു.
പ്രിൻസിപ്പലിന്റെ മുറിയിൽനിന്നു നിതിൻ രാജ് പുറത്തേക്കു പോയപ്പോൾ ഡോ. റാമും സ്റ്റാഫ് റൂമിൽനിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. മുൻ വൈരാഗ്യത്താൽ ഡോ. റാം നിതിനിനെ മർദിച്ച് അവശനാക്കി കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് തള്ളി യിട്ടതാണോ എന്ന് സംശയിക്കുന്നു.
നിതിൻ രാജിന്റെ ശരീരത്തിൽ മർദനമേറ്റ പരിക്കുകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിക്കുന്നു. കൂടാതെ വയറിൽ കറുത്ത നിറത്തിലുള്ള ദ്രാവകം കണ്ടെത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇത് എന്താണെന്നു കണ്ടെത്താനുള്ള അന്വേഷണം ഉണ്ടായില്ല. ജാതി അധിക്ഷേപത്തിന്റെ പേരിൽ ദിവസങ്ങൾക്കു ശേഷം നിതിൻ രാജ് ആത്മഹത്യ ചെയ്തുവെന്നു വിശ്വസിക്കാനാകില്ല. പോലീസും കോളജധികൃതരും ജാതി അധിക്ഷേപം, ലോൺ ആപ്പ് എന്നിവയിൽ ഊന്നി മരണം ആത്മഹത്യയെന്നു വരുത്തിത്തീര് ക്കാനാണു ശ്രമിക്കുന്നത്. നിതിൻ രാജിനെ കെട്ടിടത്തിൽനിന്നു വീണ നിലയിൽ കണ്ടെത്തിയെന്നാണു പ്രിൻസിപ്പൽ മൊഴി നൽകിയത്.
നിതിൻ രാജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചതായി ആരും മൊഴി നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വീണ നിലയിൽ കണ്ടെത്തിയ നിതിൻ രാജിന് ആശുപത്രിയിൽ എന്തു ചികിത്സയാണ് നൽകിയതെന്നതും അന്വേഷണവിധേയമാക്കണമെന്ന് എഡിഎഫ് ജനറൽ കൺവീനർ എം. ഗീതാനന്ദൻ ആവശ്യപ്പെട്ടു.
നിതിൻ രാജിന്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനതലത്തിൽ ആക്്ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ടെന്നും എം. ഗീതാനന്ദൻ പറഞ്ഞു. പത്രസമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഏറ്റെടുക്കും. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാൾ പോലീസ് നേരത്തെ ശിപാർശ ചെയ്തിരുന്നു.
സിബിഐ, പോലീസിൽനിന്ന് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കും. കേസ് കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുമെന്നു സിബിഐ പത്രക്കുറിപ്പിൽ അറിയിച്ചു. കോൽക്കത്ത മേഖലയിലെ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലായിരിക്കും എസ്ഐടി പ്രവർത്തിക്കുക.
കേസുമായി ബന്ധപ്പെട്ടു മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് നടപടി. യുപിയിൽനിന്നും ബിഹാറിൽനിന്നും അറസ്റ്റ് ചെയ്ത ഇവരെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുവന്ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്നു പ്രതികളെയും 13 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
മേയ് ആറിനാണ് ബൈക്കിലെത്തിയ അക്രമികൾ ചന്ദ്രനാഥ് രഥിനെ വെടിവച്ചു കൊന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു വെറും രണ്ട് ദിവസത്തിനു ശേഷമാണ് സംഭവം.
National
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
ആക്രമികൾ കോൽക്കത്തയ്ക്കടുത്തുള്ള ബാലിയിലെ ഒരു ടോൾ ബൂത്തിൽ യുപിഐ വഴി പണമടച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കാറിലിരിക്കുകയായിരുന്ന ചന്ദ്രനാഥിനെ വെടിവയ്ക്കുകയായിരുന്നു.
National
ലക്നോ: യുപിയിൽ ലഹരിക്കടിമയായ യുവാവിനെ വാടകക്കൊലയാളിയെ ഏർപ്പെടുത്തി കൊലപ്പെടുത്തിയത് കുടുംബമെന്ന് കണ്ടെത്തൽ. യുപിയിലെ അംരോഹ ജില്ലയിലാണ് സംഭവം. ദുഷ്യന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് ദുഷ്യന്തിന്റെ അച്ഛനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിദോലി കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ ഒരു കനാലിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ ദുഷ്യന്ത് വീട്ടിലും നാട്ടിലും അക്രമാസക്തനായിരുന്നു. ബന്ധുക്കളെ നിരന്തരം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
ഇതിൽ സഹികെട്ട് കുടുംബം ജോളിയെന്ന വാടക കൊലയാളിയെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷനും നൽകി. ദുഷ്യന്തിന്റെ അമ്മയുടെ സ്വർണം പണയം വച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയത്. കൊലയ്ക്ക് മുൻപായി 55,000 രൂപ കൊലയാളിക്ക് നൽകുകയും ചെയ്തിരുന്നു.
ദുഷ്യന്തിന്റെ അച്ഛനും സഹോദരനും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ വാടക കൊലയാളിയായ ജോളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിലെ പ്രതി സജി കാണാതായ പിതാവിനെയും കൊന്ന് കുഴിച്ചിട്ടതായി സൂചന. വീടിന്റെ പരിസരത്ത് നടത്തിയ അന്വേഷണത്തിൽ അസ്ഥികഷണവും വസ്ത്രത്തിന്റെ അവശിഷ്ടവും പോലീസിന് ലഭിച്ചു
മാത്യുവിനെ കാണാതായ കേസിൽ സജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവെങ്കിലും ഇയാൾ സഹകരിച്ചിരുന്നില്ല. തുടർന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് വീടിന്റെ പരിസരം കുഴിച്ച് പരിശോധിച്ചത്. 2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്.
പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊന്നകേസിലാണ് ഇളയമകനായ സജി അറസ്റ്റിലായത്. രാത്രി മദ്യപിച്ചു എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ സജി റെജിക്ക് ഭക്ഷണം നൽകി. റെജി ഇത് തട്ടിത്തെറിപ്പിച്ചു. ഇതോടെ ദേഷ്യം വന്ന സജി സഹോദരനെ ക്രൂരമായി മർദിച്ചു.
തുടർന്ന് ഷൂസ് ഇട്ട കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചു. ബോധം പോയപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ അമ്മ മേരിക്കുട്ടിയുടെ മുഖത്ത് പലതവണയിടിച്ചു. കൈയ്ക്ക് പിടിച്ച് കറക്കി ഭിത്തിയിലേക്ക് എറിഞ്ഞു.
മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹങ്ങൾ വീട്ടിലെ ചായിപ്പിലേക്ക് മാറ്റി ഗ്രീൻ ഷീറ്റ് കൊണ്ട് മറച്ചു. രണ്ട് ദിവസത്തിനു ശേഷം രാത്രി പറമ്പിൽ കുഴിച്ചുമൂടി. അതിന് ശേഷം ദിവസങ്ങളോളം ഒന്നും അറിയാത്ത പോലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
തനിച്ചാണ് കുറ്റകൃത്യം ചെയ്തതെന്ന് സജി പോലീസിനോട് സമ്മതിച്ചിരുന്നു. വിവാഹം കഴിക്കാൻ തടസം നിന്നതും സ്വത്തു തർക്കവും സഹോദരൻ റെജി പിതൃത്വത്തെ ചൊല്ലി അപമാനിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ.
Kerala
തൃശൂർ: ബംഗളൂരുവിൽ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ട സുനിത എന്ന മലയാളി യുവതിയുടെ മരണം വീണ്ടും ചർച്ചയാകുന്നു. മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി കൊലക്കേസ് പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് സുനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയാണ് സുനിത ശ്രദ്ധ നേടുന്നത്. ഷെറിൻ ജയിലിലെ വിഐപി തടവുകാരിയാണെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു.
ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തിന് പിന്നാലെ ആയിരുന്നു സുനിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ തുറന്നുപറച്ചിൽ.
2025 ഫെബ്രുവരി ഏഴിന് ആയിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. ഷെറിന് ജയിലിൽ അധിക സൗകര്യങ്ങൾ ലഭിച്ചിരുന്നതായും മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നതായും സുനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതുകൂടാതെ ഷെറിന്റെ ജയിൽ സുഖവാസത്തിനെതിരെ പരാതി നൽകിയതിൽ തനിക്ക് ഭീഷണി നേരിട്ടുവെന്നും സുനിത ആരോപിച്ചിരുന്നു. ഞായറാഴ്ച ആയിരുന്നു ബംഗളൂരുവിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സുനിതയ്ക്ക് ക്രൂര മർദനമേറ്റത്.
ശരീരമാസകലം പരിക്കേറ്റ സുനിത വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ആയിരുന്നു അന്ത്യം. മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
Kerala
പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 2023 ഫെബ്രുവരിയില്‍ അയല്‍വാസി ശ്രീകുമാറാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 3യാണ് ശിക്ഷ വിധിച്ചത്.
പോലീസ് ശേഖരിച്ച സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ശിക്ഷാവിധിക്ക് ശേഷം പ്രോസിക്യൂഷന് മാധ്യമങ്ങളോട് പറഞ്ഞു.
ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
കനാലില്‍ വീണാണ് അനന്തുവിന്റെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച അനന്തുവിനെ അയല്‍വാസിയായ ശ്രീകുമാര്‍ അടിച്ചു കൊന്ന് കനാലില്‍ തള്ളുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവദിവസം എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ വേണ്ടി കുറെ നേരം കാത്തു നിന്നു. സുഹൃത്തുക്കള്‍ മടങ്ങിയതിനു പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി.
അതിനുശേഷം മൃതദേഹം സംഭവ സ്ഥലത്ത് നിന്നു 400 മീറ്ററോളം അകലെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതി ഉപേക്ഷിച്ച കമ്പിവടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്നു പോലീസ് കണ്ടെത്തി. ഇത് കേസില്‍ നിര്‍ണായക തെളിവായി.
Kerala
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യോളി മനോജ് വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. എസ്പി ജോസി ചെറിയാന്, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. വിനോദന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
2012 ഫെബ്രുവരി 12ന് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച ആരോപിച്ചാണ് ഇരുവര്‍ക്കും എതിരേ വകുപ്പുതല നടപടി ആരംഭിച്ചത്.
അന്ന് വടകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ജോസി ചെറിയാനും പയ്യോളി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായിരുന്ന കെ.കെ. വിനോദനും പയ്യോളി മനോജ് വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കാട്ടിയെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
തെളിവ് നശിപ്പിക്കല്‍, ആയുധങ്ങള്‍ വ്യാജമായി കണ്ടെടുക്കല്‍, പ്രതികളെ രാഷ്ട്രീയ സ്വാധീനത്താല്‍ കീഴടങ്ങാന്‍ അനുവദിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നത്. വകുപ്പുതല അന്വേഷണത്തിനു സിബിഐ ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് ഐജി രാജ്പാല് മീണയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ലെന്നായിരുന്നു ഐജിയുടെ കണ്ടെത്തല്‍.
ആയുധങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ തന്നെയാണ് കണ്ടെടുത്തതെന്നാണ് അവര്‍ കോടതിയില്‍ മൊഴി നല്‍കിയതെന്നും സിബിഐ രേഖപ്പെടുത്തിയ മൊഴികള്‍ തെറ്റാണെന്നു സാക്ഷികള്‍ പറഞ്ഞുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോള്‍ റിക്കാര്‍ഡുകള്‍ നശിപ്പിച്ചതിന് തെളിവുകളില്ല. അവ ഔദ്യോഗിക സംവിധാനങ്ങളില്‍ ലഭ്യമാണ്. ജോസി ചെറിയാന്റെ ഭാഗത്തുനിന്നു മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായതായി തെളിയിക്കാന്‍ രേഖകളില്ല. പ്രതികളുടെ അറസ്റ്റ് നാടകീയമായിരുന്നു എന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ക്കാര്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നു വിലയിരുത്തിയാണ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയത്.
താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും ലോക്കല്‍ പോലീസ് പ്രധാന പ്രതിയാക്കിയ അജിത്ത് കസ്റ്റഡിയിലിരിക്കെ വിളിച്ചു പറഞ്ഞതോടെയാണ് കേസ് വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയത്. സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികളില്‍ ഭൂരിഭാഗവും. ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായതായി ആരോപണമുയര്‍ന്നു.
2016ല്‍ കേസ് സിബിഐ എറ്റെടുത്തു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ചന്തു അടക്കമുള്ള സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. പ്രതികള്‍ എല്ലാവരും ജാമ്യത്തിലാണുള്ളത്.
National
ഹൈദരാബാദ്: അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു. തെലങ്കാനയിലെ കാമറെഡ്ഡിയിൽ നടന്ന സംഭവത്തിൽ ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി (28) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവത്തിന്റെ തുടക്കം. അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി വഴക്കുണ്ടായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കളായ ദാദയ്യയും ശാരദയും വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു.
ഇതിനിടെ വീട്ടിലുണ്ടായിരുന്ന അരിവാൾ എടുത്ത് ലക്ഷ്മി ശിവാജിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതി സജി കുറ്റം സമ്മതിച്ചു. അമ്മ മേരിക്കുട്ടിയേയും സഹോദരൻ റെജിയേയും കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ മൊഴി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സജിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
ഇരുവരെയും കൊലപ്പെടുത്താൻ ആരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് ചൊവ്വാഴ്ച ഉച്ചയോടെ സജിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പോലീസ് സജിയുടെ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
വീടിന് പിന്നിലുള്ള മലഞ്ചെരുവിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ഇന്ന് ഉച്ചയോടെ അവിടെ നിന്ന് താഴേയ്ക്ക് ഇറങ്ങിവരുന്നതിനിടെ മഫ്തിയിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയ്ക്കായി രാവിലെ മുതൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഒമ്പതു മുതലാണ് നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരെ കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പോലീസ് പുരയിടത്തിൽ നടത്തിയ തെരച്ചിലിൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുമ്പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.
ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇതു സംബന്ധിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതിയെന്ന് സംശയിക്കുന്ന സജിയുടെ വൈദ്യ പരിശോധന പൂർത്തിയായി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.
തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ച് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്യും. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു.
പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു.
നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു.
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
Kerala
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാകും. മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് 15 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ മേരിക്കുട്ടിയുടെ ഇളയ മകന് സജിയാണെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കൂടാതെ മേരിക്കുട്ടിക്ക് രണ്ട് മക്കള്കൂടിയാണുള്ളത്.
ഭിന്നശേഷിക്കാരിയായ ഒരു മകള്‍ അഭയകേന്ദ്രത്തിലാണ്. മറ്റൊരു മകള്‍ വിവാഹിതയുമാണ്. അതേസമയം മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടും പോലീസ് അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിയെന്ന് സംശയിക്കുന്ന സജിയെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോലീസിന്റെ നാല് സംഘങ്ങളാണ് തെരച്ചിൽ നടത്തുന്നത്.
Kerala
കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമായ ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽകൊല കേസ് വീണ്ടും സുപ്രീംകോടതിയിൽ. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയിരുന്ന മൂന്നുകോടി രൂപയുടെ ബോണ്ട് തിരികെ ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിലെ ഹർജി.
2012ൽ ആയിരുന്നു മൂന്നുകോടി രൂപയുടെ ബോണ്ട് നിക്ഷേപിച്ചത്. കപ്പൽ ഉടകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2012 ഫെബ്രുവരി 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. എൻറിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിലെ നാവികർ സെന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത്.
നീണ്ടകര സ്വദേശികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരാണ് കൊല്ലപ്പെട്ടത്. 2021ൽ ഇറ്റലി നൽകിയ 10 കോടി നഷ്ടപരിഹാരം സ്വീകരിച്ച് കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.
നിലവിൽകേസിലെ എല്ലാ നടപടിക്രമങ്ങളും അവസാനിച്ചെങ്കിലും ബോണ്ട് ഇതുവരെ തിരികെ നല്‍കിയിട്ടില്ല. പണം നല്കാന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശം നൽകണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
National
ചെന്നൈ: വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു. സേലത്ത് വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ യൂഷ്കന്ദ് (10) ആണ് കൊല്ലപ്പെട്ടത്. അമ്മയും രണ്ടു മക്കളും താമസിക്കുന്ന വീട്ടിലേക്കാണ് ഇയാൾ അതിക്രമിച്ചുകയറിയത്.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ യൂഷ്കന്ദിന്റെ അമ്മയ്ക്കും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അമ്മ സത്യ (45) സേലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരിക്കടിമയായ യുവാവാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം.
സേലം മേഖലയിൽ ലഹരിക്കടിമകളായ യുവാക്കളുടെ അതിക്രമങ്ങൾ വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം മേട്ടൂരിൽ ലഹരി ഉപയോഗിച്ചെത്തിയ നാലുയുവാക്കൾ ചായക്കടയിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.
പുകവലിക്കുകയായിരുന്ന യുവാക്കൾ തൊഴിലാളിയുടെ മുഖത്തേക്ക് പുക ഊതുകയായിരുന്നു. ഇതു ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിൽ ചായ കുടിച്ച ശേഷം ഗ്ലാസ് പൊട്ടിച്ച് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൗമാരക്കാരൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗുഗ്ലീ പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മൺ ശർമ ആണ് (15) കൊല്ലപ്പെട്ടത്.
സൂരജ് ശർമ(16) ആണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ലക്ഷ്മൺ ശർമയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി തവണ ആക്രമിച്ചു. പരിക്കേറ്റ ലക്ഷ്മൺ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്.
ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
ഇടുക്കി: മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന ഇരട്ടയാറിൽ നടന്ന സംഭവത്തിൽ ഇരട്ടയാർ വയലുങ്കൽ സ്വദേശി രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ രാഹുലും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചിരുന്നു.
ഇവിടെ വെച്ചുണ്ടായ വാക്കു തർക്കം സംഘർഷമായി. തുടർന്ന് രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു. അബോധാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന രാഹുലിനെ പോലീസ് കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൻപുരിൽ നടന്ന സംഭവത്തിൽ മെഡിക്കൽ റെപ്പായ ശശി രഞ്ജൻ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെയാണ് 11 വയസുള്ള പെൺകുട്ടികളെ ഇയാൾ കൊലപ്പെടുത്തിയത്. ശശി രഞ്ജൻ മിശ്ര കുടുംബത്തോടൊപ്പം കിഡ് വായ് നഗറിലെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഇരട്ട കുട്ടികൾക്കു പുറമെ ആറുവയസുള്ള ഒരു മകനും ഇയാൾക്കുണ്ട്.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടികളെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.
സംഭവം നടക്കുമ്പോൾ ഇയാളുടെ ഭാര്യ വീട്ടിലുണ്ടായിരുന്നു. എന്നാൽ കൊലനടന്നത് താൻ അറിഞ്ഞിരുന്നില്ലെന്ന് ഇവർ പോലീസിൽ മൊഴി നൽകി. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
National
ബംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയും മറ്റു 16 പേരും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ശിക്ഷ ഇന്നു വിധിക്കും.
National
ബംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയും മറ്റു 16 പേരും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ശിക്ഷ ഇന്നു വിധിക്കും.
Kerala
തൃശൂർ: തൃശൂർ കടകശേരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കടകശേരി സ്വദേശിനി സഫിയ(70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഫിയയുടെ സ്വർണം നഷ്ടമായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. മകൾക്കൊപ്പമായിരുന്നു സഫിയ താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ പോയിരുന്നു.
മകൾ വീട്ടിൽ ഇല്ലാത്തപ്പോൾ സഫിയ ബന്ധു വീട്ടിലേക്ക് പോവുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി വൈകിയും സഫിയ എത്താതായതോടെ ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. മൂക്കിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.
സഫിയയുടെ ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. ഇവരുടെ ആഭരണങ്ങൾ നഷ്ടമായതായും ബന്ധുക്കൾക്ക് മനസിലായി. ഇതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
Kerala
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിലാകുന്നത്.
മുംബൈയിൽ നിന്നാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയാണ് പ്രതി പിടിയിലാകുന്നത്.
വിനീഷിനെ ഞായറാഴ്ച നാട്ടിലെത്തിക്കും. മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതി പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂന്ന് മാസമായി മുംബൈയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്.
ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. ഇതോടെയാണ് പ്രതിയുടെ ടവര്‍ ലൊക്കേഷൻ സംബന്ധിച്ച സൂചന പോലീസിന് ലഭിക്കുന്നത്. ഇതേ തുടർന്ന്
മുംബൈയിലെത്തിയ അന്വേഷണ സംഘം രണ്ട് മാസമായി പ്രതിക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു.
ഞായറാഴ്ച രാവിലെയോട് കൂടി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് വിവരം. 2021 ജൂൺ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യത്തിൽ ദൃശ്യയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
Kerala
കണ്ണൂർ: സിപിഒ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ 2024 നവംബർ 21 നാണ് വീട്ടിൽവച്ച് കൊല്ലപ്പെട്ടത്. ദിവ്യശ്രീയും രാജേഷും അകന്നു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു.
സംഭവ ദിവസം രാവിലെ ദിവശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് യുവാവ്. ശ്രീ നാരായണപുരം സ്വദേശി ജിത്തു (22) ആണ് കുറ്റംസമ്മതിച്ചത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കിടപ്പുമുറിയിൽവച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പോലീസ് പറയുന്നു. വയോധികയുടെ വീടിന്റെ അടുത്തുള്ള ബന്ധുവീട്ടില്‍ സ്ഥിരമായി വന്നിരുന്ന ജിത്തു വയോധികയുടെ വീടുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
കൊലപാതകത്തിനു ശേഷവും വയോധികയുടെ വീടിനടുത്തുള്ള വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. ജിത്തുവിന്റെ രണ്ടു ഫോണുകളില്‍ ഒരെണ്ണം വയോധികയുടെ വീട്ടില്‍നിന്നു ലഭിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ സൈബര്‍ പരിശോധനയിലാണ് ഇയാള്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
വീടിന്റെ പിന്‍വാതിലിന്റെ കുറ്റി തകര്‍ത്ത നിലയിലും മുന്‍വാതില്‍ തുറന്ന നിലയിലുമായിരുന്നു. മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും കണ്ടെടുത്തു. തുടര്‍ന്നാണ് പോലീസ് ഫോണിന്റെ ഉടമയായ ജിത്തുവിനെ പിടികൂടിയത്. സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ്‍ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില്‍ ഉറക്കത്തിലായിരുന്ന ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിത്തു കുറ്റം സമ്മതിച്ചത്. ബുധനാഴ്ച രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയുടെ മൃതദേഹം കണ്ടത്. പോലീസ് പ്രതിയെ തിരയുന്നതിനിടയിലും യാതൊരു ഭാവമാറ്റവുമില്ലാതെ ജിത്തു ബന്ധു വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
National
തെലങ്കാന: ആൺകുഞ്ഞിന് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്മക്കളെയും വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തെലങ്കാനയിലെ ഹനംകൊണ്ടയിൽ നടന്ന സംഭവത്തിൽ മുഹമ്മദ് അസറുദ്ദീനാണ് പിടിയിലായത്.
ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മൂന്നാമതും പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെയാണ് ഇയാൾ ക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരയും നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് മുഹമ്മദ് അസറുദ്ദീൻ മൊഴി നൽകി.
കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം ഇയാൾ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സിസിടിവി ഓഫ് ചെയ്തിരുന്നു. മുൻപ് രണ്ട് തവണ ഫർഹാതിനെ ഇയാൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു.
NRI
സാൻ അന്റോണിയോ(ടെക്സാസ്): അമേരിക്കയിലെ സാൻ അന്റോണിയോയിൽ മൂന്ന് വർഷം മുൻപ് ഊബർ ഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൊമിനിക് ക്രൂം (33) എന്നയാളെയാണ് ബെക്സർ കൗണ്ടി കോടതി ശിക്ഷിച്ചത്.
2023 മാർച്ചിലായിരുന്നു സംഭവം. ജോലിയിലായിരുന്ന ഊബർ ഡ്രൈവർ റോബർട്ട് ഡയസിനെ യാത്രക്കാരനായി എത്തിയ ഡൊമിനിക് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിച്ച ഡയസിന്റെ ഐഫോണിലെ ഊബർ ആപ്പിൽ യാത്ര അവസാനിച്ചിരുന്നില്ല. യാത്രക്കാരനായി രേഖപ്പെടുത്തിയിരുന്നത് ഡൊമിനിക്കിന്റെ പേരായിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങളും പ്രതിയെ പിടികൂടാൻ സഹായിച്ചു.
ഒരാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവിൽ, ഫെബ്രുവരി 6-നാണ് റോബർട്ട് കാർബോണൽ ഡയസിനെ കൊലപ്പെടുത്തിയ കേസിൽ ഡൊമിനിക് ക്രൂം (33) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബെക്സർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ അറിയിപ്പ് പ്രകാരം, മാർച്ച് 20 വെള്ളിയാഴ്ച കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
Kerala
തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. ശിക്ഷാവിധി കേള്‍ക്കാനെത്തിയ വന്ദന ദാസിന്റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് പ്രതികരിച്ചു. നിയമ പോരാട്ടം തുടരുമെന്ന് വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസ് പറഞ്ഞു.
വന്ദന ദാസ് കൊലപാതകത്തിൽ 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് കോടതി വിധിച്ചതെന്നും പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, അപൂർവങ്ങളിൽ അപൂവമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വന്ദനയുമായി സന്ദീപിന് മുൻകാല വൈരാഗ്യമില്ല, ആയുധവുമായി എത്തി കരുതികൂട്ട ആക്രമിച്ചതല്ല. പ്രതിയുടെ തകർന്ന മാനസിക നിലയിൽ സംഭവിച്ചതാണ്.
ജയിലുള്ളിൽ വച്ച് പ്രതി സൈകാട്രി പുസ്തകങ്ങള്‍ വായിച്ചത് മെഡിക്കൽ ബോർഡിന് മുന്നിൽ മാനസികാരോഗമുണ്ടെന്ന് വരുത്തി തീർക്കാനല്ല. തനിക്ക് സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കാൻ ഒരു അധ്യാപകൻ കൂടിയായ സന്ദീപ് പുസ്കങ്ങള് വായിച്ചുവെന്നുമാത്രമാണ് പ്രതിഭാഗം വാദിച്ചത്.
ആശുപത്രിയിൽ സംഭവിച്ചതെന്തന്ന് തനിക്കറിയില്ലെന്നും പ്രായാച്ഛിത്തം ചെയ്യാൻ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞിരുന്നു. വന്ദനയുടെ മാതാപിതാക്കളും സന്ദീപിന്റെ അമ്മയും വാദം കേള്‍ക്കാനെത്തിയിരുന്നു.
Kerala
കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയാക്കി വിധി 21ന് പ്രഖ്യാപിക്കും. ചെയ്ത കുറ്റങ്ങൾ മനപൂർവമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞു.
താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു.
എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും സന്ദീപിന്റേതെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കോടതി നടപടികൾക്കിടെ മകൾ നേരിട്ട ക്രൂരതകളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കവേ വന്ദനയുടെ മാതാപിതാക്കൾ കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു.
അതേസമയം, സന്ദീപ് ആശുപത്രിയിലെത്തിയത് വന്ദനയെ കൊലപ്പെടുത്താൻ അല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് മാനസികപ്രശ്നങ്ങൾ ഉണ്ട് എന്നും കേസിന്റെ വാദപ്രതിവാദങ്ങൾക്കിടയിൽ പ്രതിഭാഗം ആരോപിച്ചു.
ജയിലിലെ ലൈബ്രറിയിൽനിന്ന് മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു പഠിച്ച ശേഷം തന്നെ ഇന്റർവ്യൂ ചെയ്യാൻ വന്ന മെഡിക്കൽ ബോർഡിലെ വിദഗ്ധ സൈക്യാട്രി ഡോക്ടർമാരെ കബളിപ്പിക്കുന്ന, വഴിതിരിച്ചുവിടുന്ന ഉത്തരങ്ങൾ നൽകിയാണ് പ്രതി കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചിരുന്നു.